ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
സിവിൽ സ്റ്റേഷൻ പി.ഒ. കണ്ണൂർ-670002.
ഫോൺ : 04972700831
www.employmentkerala.gov.in
Email:deeknr.emp.lbr@kerala.gov.in
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം ലഭിക്കുന്ന സേവനങ്ങൾ
റജിസ്ട്രേഷൻ
പതിനാല് (14) വയസ്സ് തികഞ്ഞവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം. പരമാവധി വയസ്സ് നിഷ്ക്കർഷിച്ചിട്ടില്ല.
ഉദ്യോഗാർത്ഥിയുടെ താമസം ഏത് എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിന്റെ പരിധിയിലാണോ , അവിടെ മാത്രമേ റജിസ്ട്രേഷൻ അനുവദിക്കുകയുള്ളൂ.
രണ്ട് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യുന്നത് ശിക്ഷാർഹമാണ് .രണ്ട് രജിസ്ട്രേഷനുകളും റദ്ദാക്കപ്പെടും.
എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ റജിസ്ട്രേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പ്രൊഫണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഉണ്ട് . അത്തരക്കാർക്ക് നേരിട്ടും ഓൺലൈൻ മുഖേനയും ഈ എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ റജിസ്റ്റർ ചെയ്യുന്നവർ 60 ദിവസത്തിനകം വെരിഫിക്കേഷനു വേണ്ടി ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
രജിസ്ട്രേഷന് ഫീസ് ഈടാക്കുന്നതല്ല. 08.03.2017 മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.ഓൺലൈൻ മുഖേന റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥി 60 ദിവസത്തിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്.രജിസ്ട്രേഷനുശേഷം ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കും .എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എല്ലാ സേവനങ്ങളും സൗജന്യമാണ് .
റജിസ്ട്രേഷൻ പുതുക്കൽ
രജിസ്ട്രേഷന്റെ കാലാവധി മൂന്നു (3) വർഷമാണ്. റജിസ്ട്രേഷൻ റദ്ദ് ചെയ്യപ്പെടാതിരിക്കാൻ മൂന്ന് വർഷം തികയുന്ന മാസം പുതുക്കേണ്ടതാണ് . എങ്കിലും രണ്ട് (2) മാസത്തെ സമയം സാധാരണയായി നീട്ടി നൽകും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷം കൂടി അധികം ലഭിക്കും
ഭിന്നശേഷി വിഭാഗക്കാരെ റജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നമാസം മുൻകൂട്ടി അറിയിക്കും.
ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ ദൂദൻമുഖേനയോ ഓൺലൈൻ മുഖേനയോ തിരിച്ചറിയൽ കാർഡ് സഹിതം വന്ന് റജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
തപാൽ വഴിയും റജിസ്ട്രേഷൻ പുതുക്കാം. ഇതിനായി മറുപടി കാർഡ് ഉപയോഗിക്കാം. റജിസ്ട്രേഷൻ സംബന്ധമായ എല്ലാവിധ വിവരങ്ങളും ഒരു കാർഡിൽ രേഖപ്പെടുത്തി ഒപ്പിട്ട് മറുപടി കാർഡിൽ സ്വന്തം മേൽവിലാസം എഴുതണം. തിരിച്ചറിയൽ കാർഡിന്റെ അസ്സൽ അയക്കരുത്.
www.employment.Kerala.gov.in എന്ന വെബ്സൈറ്റ് വിലാസത്തിൽ ഇന്റർനെറ്റ് വഴി രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
തിരുവനന്തപുരം എറണാകുളം , കോഴിക്കോട് പ്രവർത്തിക്കുന്ന പ്രൊഫഷണൽ &എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് www.employment.Kerala.gov.in എന്ന വെബ്സൈറ്റ് വിലാസത്തിൽ ഇന്റർനെറ്റ് വഴി രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
രജിസ്ട്രേഷൻ മാറ്റൽ
കേരള സംസ്ഥാനത്തിനകത്ത് രജിസ്ട്രേഷൻ മാറ്റാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ മാറ്റത്തിന്റെ കാരണം പുതിയ താമസം സംബന്ധിക്കുന്ന തിരിച്ചറിയൽ കാർഡ് എന്നിവ സഹിതമുള്ള അപേക്ഷ പുതിയ എംപ്ലോയ്മെന്റ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. സ്ഥാനത്തിന് പുറത്തേക്കാണെങ്കിൽ രജിസ്ട്രേഷൻ നിലവിലുള്ള എക്സ്ചേഞ്ചിലെ എംപ്ലോയ്മെന്റ് ഓഫീസർക്ക് തിരിച്ചറിയൽ കാർഡ് സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
ഒഴിവുകൾ
സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകൾ സാധാരണയായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയാണ് നികത്താറുള്ളത്.
സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നികത്താത്ത ഒഴിവുകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമനം നടത്താറുണ്ട്.
സ്വകാര്യ മേഖലയിലെ തൊഴിൽ ദായകർ ആവശ്യപ്പെട്ടാൽ ലഭ്യമായ ഉദ്യോഗാർഥികളുടെ പട്ടിക അവരുടെ സ്ഥാപനങ്ങളിലെ നിയമനത്തിനായി നൽകാറുണ്ട്
ഉദ്യോഗദയാകാനുള്ള ലിസ്റ്റ് തയ്യാറാക്കൽ
സർക്കാർ നൽകിയ ജാതി സംവരണ നിയമം അനുസരിച്ചാണ് ഉദ്യോഗാർഥികളുടെ പട്ടിക തയ്യാറാക്കുന്നത് .എല്ലാ സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങൾക്കും സമുദായ സംവരണം ബാധകമാണ് ഉദ്യോഗാർത്ഥികളെ മുൻഗണന /മുൻഗണനേതര വിഭാഗങ്ങളെന്ന് രണ്ടായി തിരിക്കാം 50 (അൻപത് ) ശതമാനം വീതം ഒഴിവുകൾ രണ്ടു വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു.
മുൻഗണന വിഭാഗം
കേന്ദ്ര/സംസ്ഥാന/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ച് 90 (തൊണ്ണൂറു ദിവസം) ദിവസത്തിൽ കുറയാതെ ജോലി ചെയ്ത് അവരുടേതല്ലാത്ത കാരണത്താൽ വിടുതൽ ചെയ്യപ്പെട്ടവർ.വിമുക്തഭടന്മാർ ,നാൽപ്പത് (40) ശതമാനമോ അധിലധികമോ വൈകല്യമുള്ള ഭിന്നശേഷിക്കാർ മുപ്പത്തിയഞ്ച് (35) വയസ്സിൽ കൂടുതലുള്ള അവിവാഹിതകളായ സ്ത്രീകൾ പരേതന്റെ ഭാര്യ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർ സ്ത്രീകൾ ,സൈന്യത്തിൽ ജോലിചെയ്യുന്നവരുടെ – അദ്ധ്യാപക നിയമനത്തിന് യോഗ്യത നേടിയ- ഭാര്യമാർസർക്കാർ നേരിട്ട് നടത്തുന്നതോ സർക്കാർ ഗ്രാന്റ് ലഭിക്കുന്നതോ ആയ അബലാമന്ദിരം/അനാഥാലയം /ആഫ്റ്റർ കെയർ ഹോം /റെസ്ക്യൂ ഹോം അന്തേവാസികൾ ദേശീയ /അന്തർദേശീയ /അന്തർ സർവ്വകലാശാല മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾ ശ്രീലങ്ക /ബർമ അഭയാർഥികൾ
വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ച് വിടുതൽ ചെയ്തതിനു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് നിശ്ചിത ഫോറത്തിൽ തൊണ്ണൂറ് (90.) ദിവസത്തിനകം ചേർക്കണം . തൊണ്ണൂറ് ദിവസം കഴിഞ്ഞു ചേർത്താൽ സീനിയോറിറ്റി നഷ്ടപ്പെടും.
അധിക യോഗ്യതാ സർട്ടിഫിക്കറ്റുകൾ കൂട്ടിച്ചേർക്കൽ
എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ പേര് റജിസ്റ്റർ ചെയ്തതിനുശേഷം നേടുന്ന യോഗ്യതകളുടെയും സർട്ടിഫിക്കറ്റുകൾ നേരിട്ട് / ഓൺലൈൻ മുഖേന അതാത് സമയം അസ്സൽ ഹാജരാക്കി കൂട്ടിച്ചേർക്കാവുന്നതാണ്. ഇക്കാരണത്താൽ മുൻപ് ചേർത്ത യോഗ്യതയുടെ സീനിയോറിറ്റി നഷ്ട്ടപ്പെടുന്നതല്ല .
പുനർ റജിസ്ട്രേഷൻ
നിർദ്ദിഷ്ട സമയത്ത് പുതുക്കാത്തതിനാൽ റദ്ദ് ചെയ്പ്പെട്ട റജിസ്ട്രേഷൻ ആവശ്യമാണെങ്കിൽ പഴയ റജിസ്ട്രേഷൻ കാർഡ് ഹാജരാക്കി വീണ്ടും രജിസ്റ്റർ ചെയ്യാവുന്നതാണ് . പുതിയ സീനിയോറിറ്റിയോടുകൂടിയ പുതിയ റജിസ്ട്രേഷൻ കാർഡ് ലഭിക്കുന്നതാണ്.
നിയമന നടപടിക്രമങ്ങൾ
1959,ൽ പാർലമെന്റ് പാസ്സാക്കിയ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് (ഒഴിവുകളുടെ നിർബ്ബന്ധ വിജ്ഞാപന ) നിയമപ്രകാരം ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഒഴിവുകൾ നിർബ്ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കണം . അങ്ങനെ അറിയിക്കുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ സീനിയോറിറ്റി ,വയസ്സ് ,യോഗ്യതകൾ ,സമുദായം തുടങ്ങിയ യോഗ്യതകളെല്ലാം പരിഗണിച്ച് അവരെ നിയമനത്തിന് ശുപാർശ ചെയ്യും .നിയമനത്തിനായി തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റിൽനിന്നാണ് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുന്നത് . കേരള പബ്ലിക് സർവീസ് കമ്മീഷൻ അനുവദിക്കുന്നതുപോലെ സമുദായ സംവരണ തത്ത്വപ്രകാരമാണ് തെരഞ്ഞെടുക്കുന്നത്.
തൊഴിൽമാർഗ്ഗനിർദേശം
ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഉചിതമായ തൊഴിൽ സാദ്ധ്യത വിവരങ്ങൾ നൽകുന്നതിന് ഓരോ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും തൊഴിൽ മാർഗ്ഗ നിർദേശ വിഭാഗം പ്രവർത്തിക്കുന്നുണ്ട് .. ഓരോ സർവകലാശാലയിലും പ്രത്യേകം തൊഴിൽ മാർഗ്ഗ നിർദേശ വിഭാഗം സർവ്വകലാശാല തലത്തിലുള്ള ഉദ്യോഗാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കുന്നു . തൊഴിലവസരങ്ങൾ , തൊഴിൽ സാദ്ധ്യതാവിവരങ്ങൾ എന്നിവ ശേഖരിച്ച് പ്രദർശിപ്പിക്കുക , തൊഴിൽ സ്കോളർഷിപ് ,ഫെലോഷിപ് പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള പരിശീലനക്ലാസ്സുകൾ സംഘടിപ്പിക്കുക എന്നിവയാണ് യൂണിവേഴ്സിറ്റി ബ്യൂറോകളുടെ നിരന്തര പ്രവർത്തനങ്ങൾ .
എംപ്ലോയ്മെന്റ് മാർക്കറ്റ് ഇൻഫർമേഷൻ വിഭാഗം
ഒഴിവുകളുടെ നിർബ്ബന്ധ വിജ്ഞാപന നിയമം -1959,1960
10 ഓ അതിൽ കൂടുതലോ ആളുകൾ ജോലിചെയ്യുന്ന പൊതു/സ്വാകാര്യ സ്ഥാപനങ്ങൾ ER-1 എന്ന പേരുള്ള ത്രൈമാസ റിപ്പോർട്ടും, ER II എന്ന പേരുള്ള ദ്വൈവർഷ റിപ്പോർട്ടും നിർദ്ദിഷ്ടഫോറത്തിൽ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ സമർപ്പിക്കേണ്ടതാണ് . വീഴ്ചവരുത്തുന്ന പക്ഷം ഈ നിയമപ്രകാരം 500 /- രൂപ (അഞ്ഞൂറ് രൂപ ) പിഴ ഒടുക്കണം തുടർച്ചയായി വീഴ്ചവരുത്തുകയാണെങ്കിൽ പിഴ 1000 /- രൂപ (ആയിരം രൂപ ) ആയി മാറും.
എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതകൾ പ്രകാരമുള്ള എണ്ണം പൊതു/സ്വകാര്യ മേഖലയിലെ തൊഴിൽദായകരുടെ എണ്ണം ഈ മേഖലകളിലെ തൊഴിൽ ഒഴിവുകൾ അവയിൽ വിജ്ഞാപനം ചെയ്തവ, നികത്തിയവ തുടങ്ങിയ വിവരങ്ങൾ ഈ വകുപ്പ് ശേഖരിക്കുകയും ക്രോഡീകരിച്ച് നിശ്ചിത ഇടവേളകളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു .
തൊഴിൽ രഹിത വേതന പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന തുകയാണ് തൊഴിൽ രഹിത വേതനം .
12.11.82 ലെ ജി ഓ (പി )40 /82 എൽബിആർ നമ്പർ പ്രകാരമുള്ള ഉത്തരവ് പ്രകാരം 1982. ലാണ് ഈ പദ്ധതി കേരള സർക്കാർ ആരംഭിച്ചത് . എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിലൂടെ നടപ്പിലാക്കിയ ഈ പദ്ധതി ഇപ്പോഴും തുടർന്നുവരുന്നു. എസ് എസ് എൽ സി പാസ്സാണ് . പൊതുവിഭാഗത്തിന്റെ കുറഞ്ഞ യോഗ്യത . കുടുംബത്തിന്റെ വാർഷിക വരുമാനം 12000 /- (പന്ത്രണ്ടായിരം രൂപ മാത്രം ) രൂപയിൽ കൂടുതലാവാൻ പാടില്ല . എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് 18. വയസ്സ് തികഞ്ഞതിന് ശേഷം മൂന്നു വർഷത്തെ തുടർച്ചയായ രജിസ്ട്രേഷൻ സീനിയോറിറ്റി ഉള്ളവർക്കുമാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. (ഉദ്യോഗാർത്ഥിക്കു 21 വയസ്സ് പൂർത്തിയായിരിക്കണം ) ഉയർന്ന പ്രായപരിധി 35 വയസ്സാണ് . വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹരല്ല . സാധാരണ രീതിയിൽ സ്കൂളുകളിൽ ചേർന്ന് പഠിച്ച് എസ് എസ് എൽ സി പരീക്ഷ എഴുതി പാസ്സാകാത്ത പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ 18 വയസ്സ് തികഞ്ഞ ഉദ്യോഗാർത്ഥികൾക്കും ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ് .
സാധാരണ രീതിയിൽ സ്കൂളുകളിൽ ചേർന്ന് പഠിച്ച് പരീക്ഷ എഴുതിയതും എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ രജിസ്റ്റർ ചെയ്തു തുടർച്ചയായി 2 വർഷത്തെ സീനിയോറിറ്റി ഉള്ളതുമായ 18 വയസ്സ് തികഞ്ഞ ഭിന്നശേഷിക്കാർക്ക് പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ് . മേൽപ്പറഞ്ഞ രീതിയിൽ അർഹരായ ഉദ്യോഗാർത്ഥികൾക്ക് എല്ലായ്പ്പോഴും തൊഴിൽരഹിത വേതനത്തിന് അപേക്ഷിക്കാവുന്നതാണ് . അവരവരുടെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവിക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . നിലവിലുള്ള വേതനം 120 /-(നൂറ്റിഇരുപത് രൂപ മാത്രം ) രൂപയാണ് . സർക്കാർ തീരുമാനിക്കുന്നതനുസരിച്ച് തുക മാറും . തദ്ദേശ സ്ഥാപനങ്ങളാണ് വേതനം വിതരണം ചെയ്യുക . സർക്കാരിന്റെ പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് , പുതുക്കൽ അനുവദിച്ച തീയതി മുതൽ 3 വർഷത്തിനുശേഷമേ ഈ ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ അർഹതയുള്ളൂ
സ്വയം തൊഴിൽ പദ്ധതികൾ
രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതർക്കുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതിയാണ് കെസ്റു.
വിവിധോദ്ദേശ്യ സേവനകേന്ദ്രം /തൊഴിൽക്ലബ്ബുകൾ (മൾട്ടി പർപ്പസ് സർവ്വീസ് സെന്റർ /ജോബ്ക്ലബ്)
ശരണ്യ
കൈവല്യ
കെസ്റു
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കായി കേരള സർക്കാർ 1999 ൽ നടപ്പിൽ വരുത്തിയ സ്വയം തൊഴിൽ പദ്ധതിയാണ് KESRU-99 ( Kerala State Self Employment Scheme for the Registered Unemployed Youth) കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്ത സാക്ഷരതയുള്ള എല്ലാവരും ഈ പദ്ധതിപ്രകാരം അപേക്ഷിക്കാൻ അർഹരാണ്
പ്രായം 21 മുതൽ 50.വയസ്സുവരെ.
കുടുംബ വാർഷിക വരുമാനം 1,00,000/- (ഒരു ലക്ഷം) രൂപയിൽ താഴെയായിരിക്കണം. ഈ പദ്ധതിപ്രകാരം 100000 /-(ഒരു ലക്ഷം രൂപ മാത്രം ) രൂപവരെ വായ്പ ലഭിക്കും.
ബിരുദധാരികളായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല .അനുവദിക്കപ്പെടുന്ന വായ്പയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 80 ശതമാനം മാത്രം തിരിച്ചടച്ചാൽ മതി .
രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ദേശസാൽകൃത ബാങ്ക് ,ഷെഡ്യൂൾഡ് ബാങ്ക് ,സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് , കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് അതുപോലെ മറ്റ് പൊതു ധനകാര്യ സ്ഥാപനങ്ങളും ധകാര്യ കോർപ്പറേഷനുകളും വായ്പകൾ അനുവദിക്കും .
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിർദ്ദിഷ്ട ഫോറത്തിലുള്ള കെസ്റു അപേക്ഷകൾ സമർപ്പിക്കാം .പ്രാഥമിക പരിശോധനകൾക്കു ശേഷം അപേക്ഷകൾ അതാത് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് അയക്കും.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഈ പദ്ധതിപ്രകാരം ലഭിക്കുന്ന അപേക്ഷകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനായുള്ള ജില്ലാതലകമ്മിറ്റിക്കു മുൻപാകെ തീർപ്പിനായി സമർപ്പിക്കും. ഈ കമ്മിറ്റി അനുവദിക്കുന്ന അപേക്ഷകൾ അതാതു ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പ നൽകുന്നതിനായി അയച്ചുകൊടുക്കും . വായ്പ അനുവദിച്ചതിനുശേഷം ധനകാര്യ സ്ഥാപനങ്ങൾ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറെ അറിയിക്കുകയും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ സബ്സിഡി തുക അനുവദിക്കുകയും ചെയ്യും.
വിവിധോദ്ദേശ്യ സേവനകേന്ദ്രം / തൊഴിൽ ക്ലബ്ബുകൾ (മൾട്ടി പർപ്പസ് സർവ്വീസ് സെന്റർ /ജോബ്ക്ലബ്)( ജി .ഓ .(പി )143./2007.തൊഴിൽ .തീയ്യതി 29.10.2007
കേരളാ സർക്കാർ നടപ്പിലാക്കിയ മറ്റൊരു സ്വയംതൊഴിൽ പദ്ധതിയാണ് മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്സ് /ജോബ്ക്ലബ് . കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത സാക്ഷരരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം . 2 മുതൽ 5 പേർക്ക് ഗ്രൂപ്പായി നടത്താവുന്ന സ്വയം തൊഴിൽ പദ്ധതി.
അർഹത
1.കേരളത്തിലെ ഏതങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻനിലവിലുള്ള ആളായിരിക്കണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ് .
വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയൻ പാടുള്ളതല്ല.
വിദ്യാഭ്യാസ യോഗ്യത അടിസ്ഥാന യോഗ്യത ഇല്ല .എന്നാൽ ഏതെങ്കിലും തൊഴിൽ പരിചയമോ , പരിശീലനമോ ഉള്ളവർക്ക് മുൻഗണ ലഭിക്കും പ്രൊഫഷണൽ /സാങ്കേതിക യോഗ്യതയുള്ളവർക്കും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർക്കും , ബിരുദധാരികളായ വനിതകൾക്കും മുൻഗണന നൽകുന്നതാണ്.
പ്രായം
അപേക്ഷ തീയതിയിൽ 21 നും 40 നും മദ്ധ്യേ ആയിരിക്കണം. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി /പട്ടികവർഗ്ഗ ഭിന്നശേഷിവിഭാഗക്കാർക്കു ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ വയസ്സിളവ് ലഭിക്കും . മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ (OBC) 3 വർഷത്തെ ഇളവ് ലഭിക്കും .
കുടുംബ വാർഷിക വരുമാനം 50,000 /- രൂപയിൽ അധികമാവരുത്
വയ്പാതുക:- ഒരു ജോബ് ക്ലബിന് പരമാവധി 10ലക്ഷം രൂപവരെയാണ് വായ്പയ്ക്ക് അർഹത.
സബ്സിഡി :- ആകെ പദ്ധതി ചെലവിന്റെ 25 ശതമാനം അല്ലെങ്കിൽ 2 ലക്ഷം രൂപ ഇതിൽ ഏതാണോ കുറവ് ആ തുക .
ഗുണഭോക്തൃ വിഹിതം
1. ലോൺ തുകയുടെ 10% തങ്ങളുടെ വിഹിതമായി എല്ലാ അംഗങ്ങളും തുല്യമാ യെടുത്ത് ജോബ് ക്ലബ്ബിന്റെ പേരിൽ ആരംഭിക്കുന്ന ജോയിന്റ് അക്കൗണ്ടിൽ ആദ്യം തന്നെ നിക്ഷേപിക്കേണ്ടതാണ് .
2.സബ്സിഡി ഗുണഭോക്തൃ വിഹിതം എന്നിവ കഴിച്ചുള്ള തുക മാത്രം ധകാര്യസ്ഥാപനം വായ്പയായി നൽകുന്നതും അത്രയും തുകയ്ക്ക് മാത്രം പലിശ ഈടാക്കാന്നതുമാണ് .
പദ്ധതി നടപ്പാക്കുന്ന വിധം- ജില്ലയിലെ ദേശസാൽകൃത ബാങ്കുകൾ ,ഷെഡ്യൂൾഡ് ബാങ്കുകൾ ,ജില്ലാ സഹകരണ ബാങ്കുകൾ ,റീജിയണൽ റൂറൽ ബാങ്കുകൾ ,സബ്സിഡി(Small Industries Development Bank of India) എന്നിവ മുഖേന വയ്പ ലഭ്യമാക്കുന്നതാണ് .
ശരണ്യ
ജി ഓ (പി )81 /2010 തൊഴിൽ .തീയതി 24 /07
(ഈ പദ്ധതി കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത താഴെ പറയുന്നഅശരണരായ വനിതകൾക്കുവേണ്ടിയുള്ള സ്വയം തൊഴിൽ സഹായ പദ്ധതിയാണ് )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ് .
വിധവകൾക്കും നിയമാനുസൃതം വിവാഹമോചനം നേടിയ സ്ത്രീകൾക്കും
ഭർത്താവ് ഉപേക്ഷിച്ച / ഭർത്താവിനെ കാണാതായവർക്കും
30 വയസ് കഴിഞ്ഞ അവിവാഹിതകൾക്കും 18 വയസ്സ് കഴിഞ്ഞ പട്ടികവർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർക്കും .ശയ്യാവലബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്നി പ്രോബ്ലം , മാനസിക രോഗം ,കാൻസർ ഹീമോഫീലിയ തുടങ്ങിയവ ) ഭർത്താക്കന്മാരുള്ള അശരണരും തൊഴിൽരഹിതരുമായ വനിതകൾക്കും.
വികലാംഗരായ വനിതകൾക്കും വേണ്ടിയുള്ള സ്വയം തൊഴിൽ സഹായ പദ്ധതിയാണ് .
അർഹത
കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിലുള്ള ആളായിരിക്കണം . എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ്
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം
ഉയർന്ന പ്രായപരിധി 55 വയസ്സ്
വായ്പത്തുക : 50000 /- രൂപ (അൻപതിനായിരം രൂപ മാത്രം )
വായ്പ തുകയുടെ 50ശതമാനം സബ്സിഡി ലഭിക്കും
തിരിച്ചടവ് 420./- രൂപ (നാനൂറ്റി ഇരുപത് രൂപ മാത്രം )
വിധവകൾ:- (ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ)
വിധവയാണ് എന്നും അപേക്ഷിക്കുന്ന തീയതിയിൽ പുനർവിവാഹം കഴിച്ചിട്ടില്ല എന്നും തെളിയിക്കുന്നതിന് വില്ലജ് ഓഫിസറിൽ കുറയാത്ത റവന്യൂ അധികാരിയുടെയോ /തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡണ്ട് /ചെയർമാൻ /മേയർ എന്നിവരുടെയും സാക്ഷ്യപത്രം ഹാജരാക്കണം
നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയവർ – കോടതി മുഖേനയെങ്കിൽ ഉത്തരവ് : സാമുദായിക സംഘടന മുഖാന്തിരമെങ്കിൽ ആയതിന്റെ രേഖ , അപേക്ഷിക്കുന്ന തീയതിയിൽ പുനർ വിവാഹം ചെയ്തിട്ടില്ല എന്നതിന് വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം .
ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ എന്നാൽ 7 വർഷമായി ഭർത്താവിനെകാണാനില്ല എന്നതിനും, അപേക്ഷ തീയതിവരെ പുനർവിവാഹം കഴിച്ചിട്ടില്ല എന്നതിന് ഷ്ടകം തഹസിൽദാരുടെ / വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം
അവിവാഹിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 30 വയസ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവരെയാണ് . അവിവാഹിതയാണെന്നതിന് വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റും അപേക്ഷ സമർപ്പിക്കുന്ന സാമ്പത്തിക വർഷം ഏപ്രിൽ 1. നു 30. വയസ്സ് പൂർത്തിയായി എന്നതിന് ബർത്ത് സർട്ടിഫിക്കറ്റ് എസ് എസ് എൽ സി / സ്കൂൾ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കേണ്ടതാണ്.
പട്ടികവർഗ്ഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ . ഇക്കാര്യവും സമുദായം തെളിയിക്കുന്നതിന് വില്ലജ് ഓഫീസറിൽ കുറയാത്ത റവന്യൂ അധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം . അപേക്ഷകളുടെ സമുദായവും ടിയാൻ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ് .
ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള അശരണരും തൊഴിൽ രഹിതരുമായ വനിതകൾ .(അപേക്ഷകയുടെ ഭർത്താവ് ശയ്യാവലംബൻ/നിത്യരോഗിയാണ് എന്ന അസിസ്റ്റന്റ് സർജൻ /മെഡിക്കൽ ഓഫീസർ റാങ്കിൽ കുറയാത്ത ഗവൺമെൻറ് ഡോക്ടറുടെ സർട്ടിഫിക്കറ്റും ടി സെര്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രോഗിയുമായി അപേക്ഷകയ്ക്കുള്ള ബന്ധം തെളിയിക്കുന്നതിനുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണം )
വായ്പാതുക
ഒരു വ്യക്തിക്ക് പരമാവധി 50,000 /-(അൻപതിനായിരം ) രൂപവരെ വായ്പ അനുവദിക്കാവുന്നതാണ്
ഓരോ യൂണിറ്റിന്റെയും ഘടന
വ്യക്തിഗത സംരംഭങ്ങൾക്കാണ് പദ്ധതി മുഖാന്തിരം പ്രാധാന്യം . എന്നാൽ ഒന്നിലധികം അപേക്ഷകർ ചേർന്ന് സംയുക്ത സംരംഭവും ആരംഭിക്കാവുന്നതാണ്
ഈ പദ്ധതിയനുസരിച്ച് ധനസഹായം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽ രഹിത വേതനം//വിധവാ പെൻഷൻ ലഭിക്കുന്നതല്ല
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർക്ക് ലഭിക്കുന്ന അപേക്ഷകൾ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാകമ്മിറ്റി പരിശോധിച്ച് തീർപ്പ് കല്പിക്കും.
കൈവല്യ സ്വയം തൊഴിൽ പദ്ധതി ജി .ഓ.( പി )174 /2016.തൊഴിൽ .തീയതി 01 /11 /2016
ഈ പദ്ധതി കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവർക്കായുള്ള സമഗ്ര പുനരധിവാസ പദ്ധതി “കൈവല്യ” എന്നപേരിലായിരിക്കും അറിയപ്പെടുക .
ഭിന്നശേഷിയുള്ളവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 1995-ലെ പി .ഡബ്ല്യൂ. ഡി ആക്ട്/ റൂളിൽ നിർദ്ദേശിക്കപ്പെട്ട പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളെയാണ്.
കൈവല്യ പദ്ധതിയിൽ ഉൾപ്പെടുന്ന ഭിന്നശേഷിയുള്ളവരെ മേൽ പരാമർശിച്ച ഒന്നോ അധിലധികമോ ഘടക പദ്ധതികളിലൂടെ വരുമാനമാർഗ്ഗമുള്ള തൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് .
ഈ പദ്ധതിക്ക് താഴെ പറയും പ്രകാരം 4 ഘടകങ്ങൾ ഉണ്ടായിരിക്കണം.
(എ) വൊക്കേഷണൽ& കരിയർ ഗൈഡൻസ് (ബി) കപ്പാസിറ്റി ബിൽഡിംഗ് (സി) മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി (ഡി) സ്വയം തൊഴിൽ വായ്പ പദ്ധതി .
അർഹത
കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിൽ ഉണ്ടായിരിക്കണം .
അപേക്ഷിക്കുന്ന ദിവസം പ്രായം 21 നും 55 നും മദ്ധ്യേ ആയിരിക്കണം.
വാർഷിക കുടുംബ വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല . (വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ബി പി എൽ റേഷൻ കാർഡ് ഉള്ളവർക്ക് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല .
എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം.
ഈ പദ്ധതിയനുസരിച്ച് ധനസഹായം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കുന്നതല്ല.
വ്യക്തിഗത സംരംഭങ്ങൾക്കാണ് വായ്പ നല്കുന്നതെങ്കിലും പ്രയോഗികമാക്കുമെങ്കിൽ സംയുക്ത സംരംഭവും ആരംഭിക്കാവുന്നതാണ് . ഓരോ വ്യക്തിക്കും പരമാവധി വായ്പയ്ക്കും സബ്സിഡിക്കും അർഹതയുണ്ടായിരിക്കും.
വായ്പാതുക ഒരു വ്യക്തിക്ക് പരമാവധി 50,000 /-(അൻപതിനായിരം ) രൂപവരെയാണ് സാധാരണ ഗതിയിൽ വായ്പയായി അനുവദിക്കുന്നത് . ആവശ്യപ്പെടുന്നപക്ഷം ഒരു ലക്ഷം രൂപവരെ അനുവദിക്കാവുന്നതാണ്.
സബ്സിഡി
വായ്പ തുകയുടെ 50 ശതമാനം , പരമാവധി 25,000 രൂപവരെ സബ്സിഡിയായി അനുവദിക്കാവുന്നതാണ്.
പലിശ രഹിത വായ്പയാണ് നൽകുന്നത്.
അപേക്ഷിക്കേണ്ടുന്ന വിധം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ള ഒരു ഉദ്യോഗാർത്ഥിക്ക് അപേക്ഷ ഫോറം സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ വകുപ്പിന്റെ വെബ് സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് . ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി ഏതു ദിവസവും അപേക്ഷ നൽകാവുന്നതാണ്.
എംപ്ലോയബിലിറ്റി സെന്റർ
ഉദ്യോഗാർഥികളുടെ തൊഴിൽ നൈപുണ്യ ശേഷി വർധിപ്പിക്കുന്നതിനായി 2013 വർഷം മുതൽ ബഹു . കേരള സർക്കാർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററുകൾ നടത്തിവരുന്നു. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം , ഹ്രസ്വകാല കമ്പ്യൂട്ടർ പരിശീലനം, അഭിമുഖശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനം, ഇംഗ്ലീഷ് ഭാഷ പ്രയോഗ പരിശീലനം എന്നിവ ഈ കേന്ദ്രം മുഖേന ലഭിച്ചു വരുന്നു. കൂടാതെ പ്രമുഖ സ്വാകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ജോബ് ഡ്രൈവുകളും മെഗാ തൊഴിൽ മേളകളും ഈ കേന്ദ്രങ്ങൾ വിജയകരമായി നടത്തിവരുന്നു.