Close

ജില്ലാ ഭാഗ്യക്കുറി ഓഫീസ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്

1967 -ൽ ആണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ഥാപിതമായത്. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന  ശ്രീ. പി.കെ. കുഞ്ഞ് സാഹിബാണ് ഭാഗ്യക്കുറി എന്ന ആശയം മുന്നോട്ട് വെച്ചത്. സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നതിനോടൊപ്പം തന്നെ സമൂഹത്തിൻറെ  താഴെതട്ടിലുള്ളവർക്ക് വരുമാന മാർഗ്ഗം കൂടിയാണ് ഈ സംരംഭം.ഭാഗ്യക്കുറി വകുപ്പ് സ്ഥാപിതമായ വർഷം തന്നെ ആദ്യത്തെ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു. ഒരു രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം 50000/- രൂപ ആയിരുന്നു. കേരളത്തിൽ ഭാഗ്യക്കുറി വകുപ്പ് നിലവിൽ വന്നതോടെ മറ്റ് സംസ്ഥാനങ്ങൾ ഭാഗ്യക്കുറി വകുപ്പിനെ മാതൃകയാക്കി അവരുടെ സംസ്ഥാനത്ത് ഭാഗ്യക്കുറി ആരംഭിക്കാൻ മുന്നോട്ട് വന്നു. എന്നിരുന്നാലും ഭാഗ്യക്കുറിയുടെ വിശ്വാസ്യതയിലും, സുരക്ഷയിലും, സുതാര്യതയിലും കേരളം മറ്റ് സംസ്ഥാനങ്ങളെക്കാളേറെ മുന്നിട്ടുനിൽക്കുന്നു.ഭാഗ്യക്കുറി വകുപ്പ് ആഴ്ചയിൽ 7 ദിവസവും നറുക്കെടുപ്പ്  നടത്തുന്നു. പൗർണ്ണമി, വിൻവിൻ, അക്ഷയ, സ്ത്രീശക്തി, കാരുണ്യപ്ലസ്, നിർമൽ, കാരുണ്യ എന്നിങ്ങനെ ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികളും ആറ് ബമ്പർ ഭാഗ്യക്കുറികളും നടത്തുന്നു.

ഭാഗ്യക്കുറി വകുപ്പിന്റെ ഘടന

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തലവൻ ഭാഗ്യക്കുറി ഡയറക്ടർ ആണ്. അദ്ദേഹത്തെ സഹായിക്കാനായി ഒരു ജോയിന്റ് ഡയരക്ടർ ഉണ്ട്. ഡയരക്ടറേറ്റിൽ മൂന്ന് ഡെപ്യൂട്ടി ഡയരക്ടറും നാല് ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരും ഉണ്ട്. കൂടാതെ ഫിനാൻസ് ഓഫീസർ, പബ്ലിസിറ്റി ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ (ഐ.എ), രണ്ട് സീനിയർ ഓഡിറ്റേഴ്‌സ് എന്നിവരും ഉണ്ട്.

ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ് പ്രവർത്തിക്കുന്നത് തിരുവനന്ത പുരത്തുള്ള വികാസ് ഭവനിൽ ആണ്. 14 ജില്ലാ ഓഫീസുകളും, 21 സബ് ഓഫീസുകളും, എറണാകുളത്ത് പ്രവർത്തിക്കുന്ന റീജ്യണൽ  ഭാഗ്യക്കുറി ഡയരക്ടറേറ്റും, കോഴിക്കോട് പ്രവർത്തിക്കുന്ന ഇന്റെർണൽ  ഓഡിറ്റ് ഓഫീസും ഉൾപ്പെടെ വകുപ്പിൽ ആകെ 465  ജീവനക്കാർ ഉണ്ട്.

വകുപ്പിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ

  1. സമ്മാനത്തുക നൽകൽ.

ഭാഗ്യക്കുറി സമ്മാനത്തിന് അർഹരായവർ 30 ദിവസത്തി നുള്ളിൽ പ്രസ്തുത ഭാഗ്യക്കുറി ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനം ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഒരു ലക്ഷത്തിന് മുകളിലുള്ള സമ്മാന ത്തിന് അർഹരായവർ ടിക്കറ്റ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ട റേറ്റിൽ ഹാജരാക്കേണ്ടതാണ്. ഹാജരാക്കുന്ന ടിക്കറ്റിന്റെ പിറകു വശത്ത് പേരും അഡ്രസ്സും ഒപ്പും രേഖപ്പെടുത്തേണ്ടതാണ്.

ഒരു ലക്ഷം രൂപയും അതിനുമുകളിലും സമ്മാനം ലഭിച്ചവർ ഹാജരാക്കേണ്ട രേഖകൾ.

  1. ടിക്കറ്റ്.
  2. സമ്മാനതുകയ്ക്കുള്ള അപേക്ഷ.
  3. ഭാഗ്യക്കുറി ടിക്കറ്റിന്റെ രണ്ട് പുറത്തിന്റെയും ഫോട്ടോകോപ്പി.
  4. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ.
  5. സമ്മാനതുകയ്ക്കുള്ള രസീതിൽ ഒരു രൂപയുടെ റവന്യു സ്റ്റാമ്പ് പതിച്ച് അതിൽ അപേക്ഷകന്റെ ഒപ്പും വിലാസവും രേഖപ്പെടുത്തിയത്.
  6. സമ്മാനാർഹർ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  7. ഒന്നിൽ കൂടുതൽപ്പേർ സമ്മാനാര്ഹരാണെങ്കിൽ അവരിൽ ഒരാളെ സമ്മാനം സ്വീകരിക്കുന്നതിന് അധികാരപ്പെടുത്തേണ്ടതാണ്. കൂടാതെ 50 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ജോയിന്റ് ഡിക്ലറേഷൻ ഹാജരാക്കേണ്ടതാണ്.
  8. പാൻകാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  9. തിരിച്ചറിയൽ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്. (റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസെൻസ്, പാസ്പോര്ട്ട്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ)

2.ഏജൻസി രജിസ്‌ട്രേഷൻ

കേരളത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള ആർക്കും കേരള സംസ്ഥാന ഭാഗ്യക്കുറി വില്പന ഏജൻറ് ആകുവാൻ അർഹതയുണ്ട്. ഏജൻസി രജിസ്‌ട്രേഷന് താഴെ പറയുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.

  1. ഏജൻസി രജിസ്ട്രേഷൻ അപേക്ഷാഫോറം.
  2. പാൻ കാർഡ്.
  3. ഐഡൻറിറ്റി കാർഡ് (ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ്).
  4. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ.
  5. 335 രൂപ ഏജൻസി രജിസ്‌ട്രേഷൻ ഫീസ്.